Monday, October 21, 2019

മൊബൈൽഫോണും ഇടിമിന്നലും

മൊബൈൽ ഫോൺ ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോൾ ഇടിമിന്നലേൽക്കാൻ സാധ്യതയുണ്ടോ?
സാധ്യതയുണ്ട്. പക്ഷേ മൊബൈൽ ഉപയോഗിച്ചില്ലെങ്കിലും മിന്നലേൽക്കാൻ അത്ര തന്നെ സാധ്യതയുണ്ടാകും.

മൊബൈൽ ഫോൺ ഉപയോഗിക്കവേ മിന്നലേറ്റ് മരിച്ച സംഭവങ്ങൾ വലിയ വാർത്തകളാവാറുണ്ട്. അവയിൽ മിക്കതും വാട്സാപ്പും ഫെയ്സ്ബുക്കും പോലുള്ള മാധ്യമങ്ങളിലൂടെ നിത്യഹരിത സന്ദേശങ്ങളായി പാറിപ്പറന്ന് നടക്കുകയും ചെയ്യും. ‘ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്, അത് മിന്നലിനെ ക്ഷണിച്ചുവരുത്തും‘ എന്നതായിരിക്കും ഗുണപാഠം. എന്നാൽ ഇടിമിന്നലോ മൊബൈൽ ഫോണോ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാത്തവരാണ് ഇമ്മാതിരി പേടിപ്പിക്കൽ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് നടത്തുന്നത്.

ഫോണിന്റെ കാര്യത്തിലേക്ക് വരാം. ചാർജിങ്ങിൽ അല്ലാത്ത മൊബൈൽ ഫോണുകൾ ചുറ്റുപാടുകളോട് സംവദിക്കുന്നത് വൈദ്യുതകാന്തിക തരംഗങ്ങൾ വഴി മാത്രമാണ്. പേരിൽ ‘വൈദ്യുത’ എന്ന വാക്കുണ്ടെന്നേ ഉള്ളൂ. അത് ചാർജുകളുടെ ഒഴുക്കിന് കാരണമാകുകയോ സഹായിക്കുകയോ പോലും ചെയ്യില്ല. അതിന് സഞ്ചരിക്കാൻ ഒരു മാധ്യമത്തിന്റെ പോലും സഹായം വേണ്ടായെന്നോർക്കണം (അതുകൊണ്ടാണ് സൂര്യനിൽ നിന്ന് ഇടയിലെ ശൂന്യതയിലൂടെ കടന്ന് പ്രകാശത്തിന് ഭൂമിയിലെത്താൻ കഴിയുന്നത്).

അതുകൊണ്ട് തന്നെ മിന്നലിനെ ആകർഷിക്കാനൊന്നും മൊബൈൽ ഫോണിന് സാധിക്കില്ല. പക്ഷേ അതേ സമയം ലാൻഡ് ഫോണുകളും, വീട്ടിലെ ടീവി പോലുള്ള ഉപകരണങ്ങളും അങ്ങനല്ല. ഇവയെല്ലാം പുറത്തുനിന്ന് ലോഹവയറുകൾ വഴി വീട്ടിലേക്ക് നല്ല സൂപ്പർ ‘കറന്റുറോഡുകൾ’ തുറന്നിട്ടിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട എവിടെയെങ്കിലും (പോസ്റ്റിലോ കേബിൾ ടീവി ഡിഷിലോ ഒക്കെ) മിന്നലേറ്റാൽ ഈ വയറുകൾ വഴി ആ കറന്റിന്റെ നല്ലൊരു പങ്ക് വീട്ടിലേക്കൊഴുകിവരും. അതൊട്ടും സുഖകരമായ ഒരു കാര്യമായിരിക്കില്ല. അതിനാൽ ടീവിയുടേയും ലാൻഡ് ഫോണിന്റേയും കേബിളുകളും വൈദ്യുതോപകരണങ്ങളുടെ പ്ലഗ്ഗും ഒക്കെ മിന്നലുള്ളപ്പോൾ ഊരിയിടുന്നതാണ് നല്ലത്.
ഇതിൽ ഉപകരണങ്ങളുടെ പ്ലഗ് ഊരി തറയിൽ മുട്ടിച്ചിടുന്നതും ഒഴിവാക്കാൻ ശ്രമിക്കുക. കാരണം വീടിനടുത്തെവിടെങ്കിലും മിന്നൽ വീണാൽ, return strike-ൽ ചിതറിത്തെറിക്കുന്ന കറന്റ് ഉപകരണങ്ങൾക്ക് കേടുവരുത്താൻ അത് കാരണമായേക്കും.
ഇനി മൊബൈൽ ഫോൺ ഇടിമിന്നലിന്റെ അപകടം കൂട്ടിയേ പറ്റുവെന്ന് വാശിയുള്ളവരുടെ ആശ്വാസത്തിന് വേണ്ടി ഒരു കാര്യം പറഞ്ഞ് അവസാനിപ്പിക്കാം. ഫോണിൽ സംസാരിക്കുമ്പോൾ പരിസരം മറന്നുപോകുന്ന ചിലരുണ്ട്. അത്തരക്കാർ ഇടിമിന്നലുള്ളപ്പോൾ ഫോണിൽ സംസാരിച്ചുകൊണ്ട്, നേരിട്ടോ അല്ലാതെയോ സ്വയമറിയാതെ ഇടിമിന്നലിന് തലവെച്ചാൽ പിന്നെ പറയണ്ടല്ലോ ..

No comments:

Post a Comment